അടച്ച ഖത്തര്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങൾ ഇറാന് ആക്രമിച്ചതിന് പിന്നാലെ അടച്ച ഖത്തര്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. കുവൈറ്റിലെ വ്യോമപാതയും തുറന്നു. വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് വരികയാണ്.
ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം – അബുദാബി എത്തിഹാദ്, തിരുവനന്തപുരം – ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും.
എന്നാൽ ഖത്തർ വ്യോമപാതയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എട്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഖത്തർ എയർവെസിന്റെയും കുവൈത്ത് എയർവേയ്സിൻ്റെയും ഇൻഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
