കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നല്‍കിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്.
പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. 2021-ല്‍ നല്‍കിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാൻഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
അഡ്വ. ജി. മനോഹർലാല്‍ മുഖേന നല്‍കിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താൻ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയില്‍ വിശദമാക്കിയിരുന്നു. കൂടത്തായിയില്‍ 2002 മുതല്‍ 2016വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്.
