വിവാഹശേഷം മതം മാറ്റി’; യുവതിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്
വിവാഹത്തിന് പിന്നാലെ ഭാര്യ തന്നെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി ഭർത്താവ്.കർണാടകയിലെ ഗഡഗ് സ്വദേശി വിശാല്‍ കുമാർ ഗോകവിയാണ് ഭാര്യയ്ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
2024 നവംബറിലാണ് ഹിന്ദു വിശ്വാസിയായ വിശാല്‍ കുമാറും മുസ്ലിം വിശ്വാസിയായ തഹ്സീൻ ഹൊസമാനിയും വിവാഹിതരായത്. മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാല്‍ അതിന് ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹം കഴിക്കാൻ തഹ്സിൻ നിർബന്ധിക്കാൻ തുടങ്ങി. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു അത്. ഒടുവില്‍ കുടുംബത്തില്‍ സമാധാനം നിലനിർത്താൻ ഭാര്യയുടെ ആവശ്യപ്രകാരം 2024 ഏപ്രിലില്‍ ഇരുവരും മുസ്ലീം ആചാരപ്രകരാരം വിവാഹിതരായി.എന്നാല്‍ വിവാഹചടങ്ങില്‍ തന്റെ സമ്മതമില്ലാതെ മതപുരോഹിതൻ പേര് മാറ്റുകയും ആചാരങ്ങള്‍ ചെയ്യിപ്പിക്കുകയുമായിരുന്നു. വിവാഹചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിവാഹത്തിന് ശേഷം ജൂലൈ 5ന് നിശ്ചയിച്ചിരുന്ന ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് വധുവും കുടുംബവും വിസമ്മതിക്കുകയും വരനോട് മതം മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ എതിർത്തതിന് യുവാവിനെതിരെ ലൈംഗികപീഡന പരാതി നല്‍കുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നു. തഹ്സീൻ ഹൊസമാനിയും അമ്മയായ ബീഗം ബാനുവും തന്നെ മുസ്ലിം മതവിശ്വാസം പിന്തുടരാൻ ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ബുധനാഴ്ചയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിതയിലെ 299-ാം വകുപ്പ്, 302-ാം വകുപ്പ് എന്നിവ ചുമത്തി പോലീസ് കേസെടുത്തു.
