Latestകേരളം

സ്വന്തം മകളെ അഞ്ചു വയസു മുതല്‍ എട്ടു വയസുവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു

ചെറുതോണി: സ്വന്തം മകളെ അഞ്ചു വയസു മുതല്‍ എട്ടു വയസുവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്.

2020-ലാണ് ഈ ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പിതാവ് വീട്ടില്‍ വെച്ച്‌ നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചതായാണ് മൊഴി. സ്ഥിരമായി വയറുവേദന അനുഭവിച്ചിരുന്ന കുട്ടി മാതാവിനൊപ്പം നിരന്തരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 2020-ല്‍ ഒരു ദിവസം ആശുപത്രിയില്‍ പോകുന്നതിനായി ബസ് കാത്തുനില്‍ക്കുമ്ബോള്‍, പിതാവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണോ വയറുവേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.
തുടർന്ന് കരിമണ്ണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ അന്തിമ റിപ്പോർട്ട്‌ നല്‍കി.

സ്വന്തം പിതാവില്‍നിന്ന് മകള്‍ക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂരമായ ലൈംഗികാതിക്രമത്തിനു പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന രണ്ടു വീടുകളില്‍ വച്ചും സംഭവം ഉണ്ടായി എന്നാണ് കുട്ടിയുടെ മൊഴി. കോടതിയില്‍ മൊഴി പറയാൻ വന്ന ദിവസം കുട്ടിയുടെ അമ്മ കോടതിയില്‍ ബോധരഹിതയായി വീണിരുന്നു. പിഴ ഒടുക്കുന്നപക്ഷം കുട്ടിക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ആറു വർഷം അധിക തടവിനും കോടതി വിധിച്ചു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സർവീസ് അഥോറിറ്റിയോടും കോടതി നിർദേശിച്ചു