തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സഹോദരൻ എംകെ മുത്തു അന്തരിച്ചു
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സഹോദരൻ എം.കെ.മുത്തു (77) അന്തരിച്ചു. എം.കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ്.മുത്തു ജനിച്ചതിനു പിന്നാലെയാണ് 20ാം വയസില്‍ പദ്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ.
മുത്തുവിനെ രാഷ്ട്രീയത്തില്‍ പിൻഗാമിയാക്കാനാണ് ആദ്യം കരുണാനിധി ആഗ്രഹിച്ചത്. പിന്നീട് എംജിആറിനെ നേരിടാൻ മുത്തുവിനെ കരുണാനിധി സിനിമയിലേക്ക് ഇറക്കി. 1970കളില്‍ ചില സിനിമകളില്‍ നായകനായെങ്കിലും വിജയിച്ചില്ല. ഇതിന് ശേഷം അച്ഛനും മകനുമായി തർക്കമുണ്ടായി. എണ്‍പതുകളോടെ ഇരുവരും അകന്നു. ഇതോടെ മുത്തു ഡിഎംകെ വിട്ട് ജയലളിതയ്ക്കൊപ്പം എഐഎഡിഎംകെയിലേക്ക് പോയി. 2009ല്‍ രോഗബാധിതനായിരിക്കെ അച്ഛൻ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവർക്കും ഇടയിലുണ്ടായിരുന്ന പിണക്കം മാറിയത്.പൂക്കാരി, ദമയ വില്ലുക്ക്, പിള്ളയോ പിള്ള, ഷൈലജാങ്കാരൻ തുടങ്ങിയ ചിത്രങ്ങളില്‍ എം.കെ.മുത്തു അഭിനയിച്ചിട്ടുണ്ട്
അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 77 വയസുകാരനായ എം.കെ.മുത്തു മരിച്ചത്. ചെന്നൈയിലെ ഇഞ്ചമ്ബാക്കത്തുള്ള വസതിയില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
