വിവാഹിതയെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ ഭര്‍ത്താവിനെ കൊന്ന് അരുവിയില്‍ തള്ളി 21കാരൻ
മുബൈ: വിവാഹിതയായ 25-കാരിയോട് 21-കാരന് ഏകപക്ഷീയപ്രണയം. വിവാഹം കഴിക്കണമെന്ന അഭ്യർഥന യുവതി നിരസിച്ചതിന് പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്തി.35 കാരനായ അബൂബക്കർ സുഹാദ്ലി മണ്ഡലാണ് കൊല്ലപ്പെട്ടത്. ഭാര്യ ഫാത്തിമ മണ്ഡല് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.അബൂബക്കറിന്റെ ഭാര്യ ഫാത്തിമയോട് അമിനുർ പലവട്ടം വിവാഹാഭ്യർഥന നടത്തിയിരുന്നെന്നും എന്നാല്‍ യുവതി ഇത് നിരാകരിച്ചുവെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച, ജോലിക്ക് പോയ അബൂബക്കർ മടങ്ങിവരാതിരുന്നതോടെ ഫാത്തിമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമിനുർ വിവാഹത്തിന് നിർബന്ധിച്ചിരുന്ന കാര്യവും യുവതി പോലീസിനോടു പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കറിനെ കൊന്നതായി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വാഷി ക്രീക്കില്‍ നിന്നാണ് അബൂബക്കറിന്റെ മൃതദേഹം കണ്ടെടുത്തത്. അബൂബക്കറിൻ്റെ മൃതദേഹം അമിനുള്‍ ചാക്കില്‍ കെട്ടി അരുവിയില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷം അബൂബക്കറിൻ്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞു ഒരു അഴുക്കുചാലില്‍ നിക്ഷേപിക്കുകയും ചെയ്തു.
കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അമിനുളിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുറ്റകൃത്യം ചെയ്യാനായി അമിനുള്ളിനെ സഹായിച്ച സുഹൃത്തിനെ തിരയുകയാണ് പൊലീസ്.
