Latestകേരളം

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രതി മരിച്ച നിലയില്‍

കോഴിക്കോട് കരിക്കാംകുളം തടമ്ബാട്ടുത്താഴത്ത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരൻ പ്രമോദിനെ മരിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹം കണ്ടെത്തിയത് തലശ്ശേരി കുയ്യാലി പുഴ തീരത്ത്. ചേവായൂർ പോലിസ് കണ്ണൂരിലേക്ക് പുറപ്പെട്ടു.

സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. സംഭവത്തിനു പിന്നാലെ ഇവരുടെ ഇളയ സഹോദരനായ പ്രമോദിനേ കാണാനില്ലായിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു.

ചേവായൂരില്‍ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

പ്രമോദിനൊപ്പമാണ് സഹോദരിമാർ താമസിച്ചിരുന്നത്. ഇയാള്‍ തന്നെയാണ് സഹോദരിമാർ മരിച്ചെന്ന് പരിചയക്കാരായ രണ്ടു പേരെ വിളിച്ചറിയിച്ചത്. ഇവർ വീട്ടിലെത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍ വെള്ളപുതപ്പിച്ച്‌ പൊതുദർശനത്തിന് ഒരുക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.