ആദിവാസിയായ മധ്യവയസ്കനെ ഫാംസ്റ്റേയിലെ മുറിയില്‍ പൂട്ടിട്ട് മര്‍ദിച്ചത് ആറ് ദിവസം
പാലക്കാട് മുതലമടയില്‍ ആദിവാസിയായ മധ്യവയസ്കനെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി.ആറ് ദിവസത്തോളമാണ് ഇത്തരത്തില്‍ മധ്യവയസ്കനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മർദനത്തിന് ഇരയാക്കിയത്. മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയില്‍ താമസിക്കുന്ന വെള്ളയൻ (54) എന്ന ആള്‍ക്കാണ് മർദനമേറ്റത്.
ഇദ്ദേഹത്തെ പട്ടിണിക്കിടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത് മുതലമട ഊർക്കുളം വനമേഖലയില്‍ ഫാംസ്റ്റേയിലെ ജീവനക്കാരനാണെന്നാണ് പരാതിയില്‍ പറയുന്നത്. ആറ് ദിവസത്തോളം പട്ടിണി കിടന്നതിനാല്‍ ക്ഷീണിച്ച് അവശനായ നിലയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്ബർ കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫാംസ്റ്റേയില്‍ എത്തി വെള്ളയനെ രക്ഷിച്ചത്. ആരോഗ്യാവസ്ഥ മോശമായ ഇദ്ദേഹത്തെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂലിപ്പണിക്കാരനായ വെള്ളയൻ ഫാം സ്റ്റേയ്ക്ക് സമീപത്തും മറ്റും എത്താറുണ്ട്. ഇങ്ങനെ തേങ്ങ പെറുക്കുന്നതിനിടെ ഫാംസ്റ്റേക്ക് സമീപം കണ്ട മദ്യ കുപ്പിയില്‍ നിന്ന് വെള്ളയൻ മദ്യമെടുത്ത് കുടിച്ചതിന്‍റെ പേരിലായിരുന്നു ഫാംസ്റ്റേ ജീവനക്കാരൻ ഇദ്ദേഹത്തെ മുറിയില്‍ പൂട്ടിയിട്ട് മർദിച്ചത്. ഇയാള്‍ വെള്ളയനെ മുറിയില്‍ പൂട്ടിയിടുകയും മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ഭക്ഷണവും വെള്ളവും നല്‍കാതെ ക്രൂരമായി മർദിക്കുകയും ചെയ്തു. വെള്ളയന് മറ്റ് ബന്ധുക്കളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇദ്ദേഹത്തെ ആരും അന്വേഷിച്ച് ചെല്ലാത്തതാണ് സംഭവം പുറത്തറിയാൻ കാലതാമസമുണ്ടായതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു
