ദിവസവും പത്ത് മണിക്കൂറോളം പബ്ജി കളി, സ്കൂളില്‍ പോകാൻ പോലും മടി; സഹികെട്ട് രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങിവച്ചതിന് പിന്നാലെ പത്താം ക്ലാസുകാരൻ ജീവനൊടുക്കി
ഹൈദരാബാദ്:മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാഞ്ഞതിനു പിന്നാലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിർമല്‍ ജില്ലയിലാണ് സംഭവം.കുട്ടി പബ്ജി എന്ന ഓണ്‍ലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.ബേട്ടി ഋഷേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ദിവസം പത്ത് മണിക്കൂറോളം കുട്ടി ഗെയിമില്‍ മുഴുകാറുണ്ട്. ഗെയിം തുടരാൻ വേണ്ടി കുട്ടി സ്കൂളില്‍ പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ക്ലാസില്‍ പോകുമ്ബോള്‍ പബ്ജി കളിക്കാൻ സമയം കിട്ടുന്നില്ലെന്ന് കുട്ടി പരാതിപ്പെടാറുണ്ട്. സൈക്യാട്രിസ്റ്റിനെയും ന്യൂറോ സർജനെയും കാണിച്ചുവെങ്കിലും കുട്ടി പഴയ അവസ്ഥയില്‍ തന്നെ തുടരുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഒരിക്കല്‍ കുട്ടി ഡോക്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ മനം മടുത്താണ് കുട്ടിയുടെ കൈയില്‍ നിന്ന് നിർബന്ധമായി മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി മാറ്റി വച്ചത്. മൂന്നു ദിവസം ഫോണില്ലാതെ തുടർന്ന കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
