Latestദേശീയം

സ്ത്രീധന കൊല; പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിപിന്റെ ഭാര്യ നിക്കി മരിച്ചത്. നിക്കിയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നിക്കിയുടെ ശരീരത്തിലൊഴിക്കാൻ പ്രതി ഉപയോഗിച്ച തീപിടിക്കുന്ന ദ്രാവകം കണ്ടെത്താനായി ഇയാളെ വീട്ടിലെത്തിക്കുന്നതിനിടെ പൊലീസിന്റെ തോക്കു തട്ടിയെടുത്ത് ഇയാൾ വെടിയുതിർത്തു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന പൊലീസ് കാലിലാണ് വെടിവെച്ചത്.വിപിനും അയാളുടെ അമ്മയും ചേർന്നാണ് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് സഹോദരി കഞ്ചൻ ആരോപിക്കുന്നത്. വിപിന്റെ സഹോദരൻ രോഹിത്തിന്റെ ഭാര്യയാണ് നിക്കിയുടെ സഹോദരിയായ കഞ്ചൻ. അമ്മയും മകനും ചേർന്ന് നിക്കിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ കഞ്ചൻ പുറത്ത് വിട്ടിട്ടുണ്ട്. തീപിടിച്ച നിലയിൽ നിക്കി പടികൾ ഓടിയിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിപിനും അമ്മ ദയയും പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരൻ രേഹിത്തും പിതാവ് സത്യവീറും ഒളിവിലാണ്.