Latestകേരളം

കെഎസ്‌ആര്‍ടിസിയുടെ ഓണം സ്പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍. പുതുപുത്തൻ പ്രീമിയം ബസുകള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങും

ബെംഗളൂരു: മറുനാടൻ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടികളുമായി കെഎസ്‌ആർടിസി.

ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകള്‍ ഇന്ന് മുതല്‍ സർവീസ് നടത്തും.പുതുതായി വാങ്ങിയ എസി സ്ലീപ്പറുകള്‍ ഉള്‍പ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക.

ട്രെയിനില്‍ ടിക്കറ്റില്ല. സ്വകാര്യ ബസ് സർവീസുകളുടെ ടിക്കറ്റ് കൊള്ള. ഉയർന്ന വിമാന നിരക്ക്.

ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികളെ അലട്ടുന്ന യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആർടിസി.

ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സർവീസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പുതുതായി കെഎസ്‌ആർടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകള്‍ മുതല്‍ സൂപ്പർ ഫാസ്റ്റ് ബസുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകള്‍ ഉണ്ടാകും.

നിലവില്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകള്‍ക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.

ബസുകളില്‍ ഫ്ലെക്സി നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് കെഎസ്‌ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവല്‍ ഏജൻസികളുടെ നിരക്ക് വച്ച്‌ താരതമ്യം ചെയ്യുമ്ബോള്‍ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവിലുള്ള സർവീസുകള്‍ക്കും അധികം പ്രഖ്യാപിച്ച സർവീസുകള്‍ക്കും അപ്പുറം ആളുകള്‍ എത്തിയാലും ക്രമീകരണം ഉണ്ടാകുമെന്നാണ് കെഎസ്‌ആർടിസി നല്‍കുന്ന മറ്റൊരു ഉറപ്പ്.

എവിടേക്കാണോ യാത്രക്കാർ കൂടുതല്‍ ഉള്ളത് ആ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകളെത്തിച്ച്‌ പ്രതിസന്ധി പരിഹരിക്കും. ഓണം കഴിഞ്ഞ് മടങ്ങി എത്തുന്നവർക്കും ആവശ്യാനുസരണം അധിക ബസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

ഇതിനൊപ്പം കർണാടക ട്രാൻസ്പോ‍ർട് കോർപ്പറേഷന്റെ സർവീസുകളുമുണ്ടാകും.

നിലവിലെ കെഎസ്‌ആർടിസി ഷെഡ്യൂളുകള്‍ 49 ആണ്. അധികമായി പ്രഖ്യാപിച്ചത് 44 ഷെഡ്യൂളുകളാണ്