അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജലസേചന വകുപ്പ് നിർദേശം നല്കി.
ഓറഞ്ച് അലർട്ട്
കാസർകോട്: നീലേശ്വരം (ചയ്യം റിവർ സ്റ്റേഷൻ), മൊഗ്രാല്‍ (മധുർ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
കണ്ണൂർ: പെരുമ്ബ (കൈതപ്രം റിവർ സ്റ്റേഷൻ), കുപ്പം (മങ്കര റിവർ സ്റ്റേഷൻ)
കാസർകോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ഷിറിയ (പുത്തുഗെ സ്റ്റേഷൻ)
ശിരുവാണിയില്‍ ഷട്ടറുകള്‍ ഉയർത്തും
ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്ലൂയിസ് ഷട്ടറുകള്‍ ഉച്ചയ്ക്ക് രണ്ടിന് നിലവിലുള്ള 6 സെന്റീമീറ്റർ ഉയരം 50 സെന്റീമീറ്റർ മുതല്‍ 100 സെന്റീമീറ്റർ വരെ ഉയർത്തും. ദിവസേനയുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും കണക്കിലെടുത്താണ് നടപടി. അണക്കെട്ടിന്റെ പരമാവധി അനുവദനീയമായ ജലനിരപ്പ് 877.00 മീറ്ററാണ്. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നതിനാല്‍ അട്ടപ്പാടി പ്രദേശത്തുള്ളവരും ശിരുവാണിപ്പുഴ, ഭവാനിപ്പുഴ എന്നി നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.
മൂഴിയാർ ഡാമില്‍ റെഡ് അലർട്ട്
മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയത്ത് തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാല്‍ ഡാമിൻറെ ഷട്ടറുകള്‍ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു
