മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു
ഇടുക്കി: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവായ ആണ്ടവർ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ആണ്ടവർ (84)ആണ് മരിച്ചത്.സംഭവത്തില്‍ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24ന് രാത്രി 11നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിള്‍ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മർദിക്കുകയായിരുന്നു.
ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളേജിലും പിന്നീട് മധുര മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
