Latestകേരളം

അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്ന് ഹൈക്കോടതി. അക്ഷയ കേന്ദ്രങ്ങള്‍ സേവന കേന്ദ്രങ്ങളാണെന്നും അവശ്യ സേവനങ്ങള്‍ക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സർവീസ് ചാർജ് ഈടാക്കാൻ ഉടമകള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.അക്ഷയ സെന്ററുകളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഓള്‍ കേരള അക്ഷയ എന്റർപ്രണേഴ്‌സ് കോണ്‍ഫെഡറേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. അക്ഷയ എന്റർപ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹർജി കോടതി തള്ളി.

ആഗസ്റ്റ് ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. എന്നാല്‍, പ്രവൃത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടർന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കിയത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.