മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു.
നീണ്ട 13 വർഷമാണ് യുഡിഎഫിനെ പി പി തങ്കച്ചൻ എന്ന കൺവീനർ കെട്ടുറപ്പോടെ നയിച്ചത്. 2005-ൽ എ കെ ആൻറണിക്ക് പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കൺവീനർ പദവി തങ്കച്ചൻ ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തിൽ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു.
സ്പീക്കറായും മന്ത്രിയായും എംഎൽഎയുമായുള്ള ഭീർഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാർദത്തോടെയും യുഡിഎഫിനെ നയിക്കാൻ തങ്കച്ചന് കരുത്തായത്.എട്ടാം നിയമസഭാ സ്പീക്കർ, എ കെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി(1995 മെയ് മൂന്ന് മുതൽ 1996 മേയ് 20 വരെ), 1996 മുതൽ 2001 വരെ പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡൻറ്, കെപിസിസി പ്രസിഡൻറ് താൽക്കാലിക ചുമതല തുടങ്ങി കേരളത്തിൻറെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീർഘകാലം നിറഞ്ഞുനിന്ന പൊതുജീവിതത്തിനാണ് പൂർണ വിരാമമായിരിക്കുന്നത്.
ടി വി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
