ഡോറില്‍ വസ്ത്രം കുടുങ്ങി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്
കൊല്ലം: ഇറങ്ങുന്നതിനിടെ ഡോറില്‍ വസ്ത്രംകുടുങ്ങി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിയെ വലിച്ചിഴച്ച് സ്കൂള്‍ ബസ് നീങ്ങിയത് അര കിലോമീറ്ററോളം.ഗുരുതര പരിക്കേറ്റ ചിതറ കുറക്കോട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അമീറ ഫാത്തിമയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ചിതറ കാനൂർ-വളവുപച്ച റോഡില്‍ മഹാദേവർ കുന്ന് കയറ്റത്തായിരുന്നു സംഭവം. വസ്ത്രം കുരുങ്ങിയതും വിദ്യാർഥിനി പുറത്തേക്ക് വീണതും ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം. നാട്ടുകാർ ബഹളംവെച്ചതോടെയാണ് ഡ്രൈവർ വാഹനം നിർത്തിയത്.തുടർന്ന് കുട്ടിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിനുവേണ്ടി ഓടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു.
