Latestകേരളം

ഉറങ്ങാതെ ഹൃദ്രോഗിയായ അമ്മയെ പരിചരിച്ചു,ഡസ്കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി

കൊല്ലം: ഡസ്കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി.ഹൃദ്രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ അമ്മയെ രാത്രിമുഴുവൻ ശുശ്രൂഷിച്ചതിന്റെ ഉറക്കക്ഷീണവുമായാണ് വിദ്യാർഥിനി ക്ലാസിലെത്തിയത്.

ഉച്ചഭക്ഷണത്തിനുശേഷം ഡസ്കില്‍ തലവെച്ച്‌ ഉറങ്ങിപ്പോയി. ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ ഉണർത്താതെ ഭാരമേറിയ പുസ്തകം മടക്കി തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു.ഞായറാഴ്ച വൈകീട്ടോടെ ചൂടും പനിയും ശരീരവേദനയും ബാധിച്ചു.

ഇതോടെ ഭയന്നുപോയ വിദ്യാർഥിനി കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നാലുദിവസം പൂർണമായും വിശ്രമിക്കണമെന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ചു.കിഴക്കേ കല്ലട പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.