പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ ദലിത് യുവാവിനെ ആറംഗ സംഘം അരിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തി
ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.ചെന്നൈ മയിലാടുതുറൈയ്ക്ക് സമീപത്തായിരുന്നു തിങ്കളാഴ്ച രാത്രി ദാരുണമായ സംഭവം നടന്നത്. വൈരമുത്തു എന്ന 28 വയസുകാരനെയാണ് ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട വൈരമുത്തു അതേ വിഭാഗത്തില്‍പെട്ട മാലിനി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മാലിനിയുടെ അമ്മ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. കാരണം പെണ്‍കുട്ടിയുടെ അമ്മ ദലിത ഇതര വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. പക്ഷെ പെണ്‍കുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവെക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
വൈരമുത്തുവുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും മാലിനി പലവട്ടം വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ ഇതിന് സമ്മതിച്ചിരുന്നില്ല. ഇതിന്തു പിന്നാലെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മാലിനിയും വൈരമുത്തുവും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. വിവാഹ റജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം രണ്ട് ദിവസം മുൻപാണ് മാലിനി ജോലിക്കായി ചെന്നൈയിലേക്ക് പോയത്. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വൈരമുത്തുവിനെ അരിവാളുമായി എത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ കഴുത്തിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വൈരുമുത്തുവിനെ മയിലാടുതുറൈ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 5 പ്രതികളെ പോലീസ് പിടികൂടി.
