ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബാഗുകൊണ്ട് തലയ്ക്കടിച്ച് അധ്യാപിക; കുട്ടിയുടെ തലയോട്ടി പൊട്ടി
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബാഗുകൊണ്ട് തലയ്ക്കടിച്ച് അധ്യാപിക, കുട്ടിയുടെ തലയോട്ടി പൊട്ടി.ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പൂങ്കന്നൂരിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ഭാഷയ്ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കി. 11 വയസ്സുള്ള സാത്വിക നാഗശ്രീ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.സെപ്റ്റംബർ 10നാണ് സംഭവം നടന്നത്. കുട്ടി ക്ലാസില്‍ വികൃതി കാണിച്ചതുമായി ബന്ധപ്പെട്ടതാണ് അധ്യാപിക അടിച്ചത് എന്നാണ് പൊലീസ് വ്യക്തമാകുന്നത്. സ്കൂള്‍ ബാഗ് കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ബാഗില്‍ ഉണ്ടായിരുന്ന സ്റ്റീല്‍ ചോറ്റു പാത്രം തലയില്‍ അടിച്ചാണ് തലയോട്ടിക്ക് പൊട്ടല്‍ ഉണ്ടായത്.
വീട്ടിലെത്തിയ കുട്ടിക്ക് തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. സ്കൂളില്‍ പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്നാണ് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പൂങ്കന്നൂരിലെ ആശുപത്രിയിലും പിന്നീട് ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് നടത്തിയ സിടി സ്കാനിലാണ് കുട്ടിയുടെ തലയോട്ടിക്ക് ഗുരുതര പൊട്ടലേറ്റെന്ന് മനസ്സിലായത്.
