ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വീടുവിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ കടമ്ബഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി.ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഈ മാസം 13ന് അര്‍ധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ 11 ലക്ഷം രൂപ നല്‍കണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവര്‍ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാര്‍ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു.
