വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയ സംഭവത്തില്‍ ദുരൂഹത
തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. ഡല്‍ഹിയില്‍ തടഞ്ഞുവച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്.
കുട്ടിയെ ഇന്നലെ രാവിലെ 7 മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.
ഇതേത്തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് സുരക്ഷാ സേനയുമായി സിറ്റി പൊലീസ് കമ്മിഷണര്‍ വിവരം കൈമാറുകയും ഉച്ചയ്ക്ക് ഒന്നോടെ വിമാനം ഇറങ്ങിയ ഉടന്‍ കുട്ടിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. കുട്ടിയെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ ലഭ്യമായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
