Latestകേരളം

ചേലക്കരയില്‍ കുടുംബത്തില്‍ കൂട്ട ആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു

കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ തൃശ്ശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു.ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയില്‍ കണ്ട മകള്‍ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അക്ഷയ്(4) അപകടനില തരണം ചെയ്തു. ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് രണ്ടാഴ്ച്ചയ്ക്ക് മുൻപ് മരണമടഞ്ഞിരുന്നു ഇതിൻ്റെ മനോ വിഷമത്തിലായിരുന്നു കുടുംബം.

ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രദീപിൻ്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ചാക്കപ്പൻ പടിയിലെ പ്രദീപിൻ്റെ വീട്ടില്‍ നിന്നും ഷൈലജയും മക്കളും തിങ്കളാഴ്ച യാണ് മേപ്പാടത്തെ വീട്ടിലെത്തിയത്. വൈകീട്ടോടെ ബന്ധുക്കള്‍ വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവശനിലയില്‍ കണ്ട ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലർന്ന ഭക്ഷണം ഉള്ളില്‍ ചെന്നതാണ് മരണകാരണമായിപറയുന്നത്