Latestദേശീയം

ചുണ്ടുകള്‍ ഒട്ടിച്ച്‌ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശു; അമ്മയും മുത്തച്ഛനും കസ്റ്റഡിയില്‍

ചുണ്ടുകള്‍ പശയും കല്ലും ഉപയോഗിച്ച്‌ ഒട്ടിച്ച നിലയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.രാജസ്ഥാനിലെ ഭില്‍വാരയിലെ വനത്തില്‍ നിന്നുമാണ് കുട്ടിയെ കിട്ടിയത്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സാമൂഹിക വിലക്കുകളെ ഭയന്ന് ഉപേക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.

കുഞ്ഞ് കരയാതിരിക്കാനും ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാനും വായില്‍ കല്ല് തിരുകി ചുണ്ടുകള്‍ പശ വെച്ച്‌ ഒട്ടിച്ചതായി പോലീസ് പറയുന്നു. 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമിച്ചെങ്കിലും ആ പദ്ധതി പരാജയപ്പെട്ടപ്പോഴാണ് കാട്ടില്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ബുണ്ടിയില്‍ വ്യാജ തിരിച്ചറിയല്‍ കാർഡുകള്‍ ഉപയോഗിച്ച്‌ ഒരു മുറി വാടകയ്‌ക്കെടുത്താണ് സ്ത്രീ പ്രസവം നടത്തിയത്.

മണ്ഡല്‍ഗഢില്‍ ആടുകളെ മേയ്ക്കുന്നതിനിടെ കുഞ്ഞിന്റെ നേരിയ കരച്ചില്‍ കേട്ട് ഒരു ഇടയനാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെയും ഗ്രാമവാസികളെയും വിവരമറിയിച്ചു. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി മഹാത്മാഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചെങ്കിലും ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

കുഞ്ഞിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാല്‍ ഓക്സിജൻ നല്‍കുന്നുണ്ടെന്നും, ചൂടുള്ള കല്ലുകള്‍ സ്പർശിച്ചതിനാല്‍ പൊള്ളലേറ്റെന്നും ഭില്‍വാര മെഡിക്കല്‍ കോളേജിലെ ഡോ. ഇന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും കുട്ടിയുടെയും സ്ത്രീയുടെയും ബന്ധം ഉറപ്പിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്നും ഭില്‍വാര പോലീസ് സൂപ്രണ്ട് ധർമേന്ദ്ര സിംഗ് യാദവ് അറിയിച്ചു.