യുഎഇയില്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് പുതിയ നിബന്ധന
യുഎഇയില്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് പുതിയ നിബന്ധന നിലവില്‍ വന്നു. വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതല്‍ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം.കഴിഞ്ഞ ആഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി ദുബൈയിലെ ആമർ സെന്‍ററുകളും ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്‍ററുകളും അറിയിച്ചു. പുതിയ വിസ അപേക്ഷകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
പുതിയതായി എൻട്രി പെർമിറ്റിനായി അപേക്ഷിക്കുന്നവർ ഇനി പാസ്‌പോർട്ട് കോപ്പി, വ്യക്തമായ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹോട്ടല്‍ ബുക്കിംഗ് കണ്‍ഫർമേഷൻ, റിട്ടേണ്‍ ടിക്കറ്റ് കോപ്പി, പാസ്‌പോർട്ട് പുറം പേജ് എന്നിവ സമർപ്പിക്കണം. ഈ മാസം ആദ്യം ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകള്‍ക്കും പാസ്‌പോർട്ടിന്‍റെ പുറം പേജ് നിർബന്ധിത രേഖയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും എല്ലാതരം വിസകള്‍ക്കും ഇത് ബാധകമാണെന്നും സർക്കുലറില്‍ പറയുന്നു.
എന്നാല്‍, ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) എന്നിവ ഇതുവരെ ഇതുസംബന്ധമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ല
