ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, തീവ്രന്യൂന മര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ കനക്കും
കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടു. കേരളത്തിലടക്കം മഴ ഭീഷണി തത്കാലം ഒഴിഞ്ഞെങ്കിലും തുലാവർഷം കനക്കാനാണ് സാധ്യതയെന്നാണ് സൂചന.തുലാവർഷം തുടങ്ങും മുന്നേ തന്നെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബികടലിലും ബംഗാള്‍ ഉള്‍കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതും ഇക്കുറി, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇത്തവണ തുലാവർഷവും സാധാരണയില്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ 12% വരെ അധികം മഴ ലഭിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ കേരളത്തിന് വലിയ മഴ ഭീഷണിയില്ലെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും കേരളത്തില്‍ പ്രത്യേക മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. ബുധനാഴ്ചയോടെയാണ് തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുക.
അറബികടലിലും ബംഗാള്‍ ഉള്‍കടലിലും തീവ്രന്യൂന മർദ്ദ സാധ്യത
കച്ച് കടലിടുക്കിനു മുകളിലുള്ള ശക്തി കൂടിയ ന്യൂന മർദ്ദം ഗുജറാത്ത് തീരം വഴി നാളെയോടെ തീവ്ര ന്യുന മർദ്ദമായി അറബികടലില്‍ പ്രവേശിക്കാൻ സാധ്യത. തുടർന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിയേക്കും. തെക്കൻ ചൈന കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുർബലമായി ആൻഡ് മാൻ കടലില്‍ എത്തി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദ്ദമായി മാറും. തുടർന്ന് തീവ്ര ന്യൂനമർദ്ദമായി മാറി ഒക്ടോബർ 3 ന് ഒഡിഷ – ആന്ധ്രാ തീരത്ത് കരയില്‍ പ്രവേശിക്കാൻ സാധ്യത. രണ്ട് ന്യൂനമർദ്ദവും (അറബികടല്‍ & ബംഗാള്‍ ഉള്‍ക്കടല്‍) കേരളത്തില്‍ പൊതുവെ (വടക്കൻ കേരളത്തില്‍ ചെറിയ രീതിയില്‍ മഴ ലഭിച്ചേക്കും) നേരിട്ട് സ്വാധീനം കുറവായിരിക്കും
