Latestദേശീയം

ദേശീയ പാതകളില്‍ ക്യുആര്‍ കോഡ് സൈൻബോര്‍ഡുകള്‍ വരുന്നു

ദേശീയ പാത ശൃംഖലയിലുടനീളം ക്യുആർ കോ‍ഡിലുള്ള പ്രോജക്‌ട് ഇൻഫർമേഷൻ സൈൻബോർഡുകള്‍ സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.യാത്ര ചെയ്യുമ്ബോള്‍ അവശ്യ വിവരങ്ങള്‍ തല്‍ക്ഷണം ലഭ്യമാക്കുന്നതിനായാണ് പ്രോജക്‌ട് ഇൻഫർമേഷൻ സൈൻബോർഡുകള്‍ സ്ഥാപിക്കുന്നത്. സുതാര്യത വർദ്ധിപ്പിക്കുകയും ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

ക്യുആർ കോഡ് സൈൻബോർഡുകളില്‍ ദേശീയപാത നമ്ബർ, ശൃംഖല, പ്രോജക്റ്റ് ദൈർഘ്യം, നിർമ്മാണ, അറ്റകുറ്റപ്പണി കാലയളവുകളുടെ ദൈർഘ്യം തുടങ്ങിയ വിശദാംശങ്ങള്‍ പ്രദർശിപ്പിക്കും. യാത്രക്കാർക്ക് 1033 ഉള്‍പ്പെടെയുള്ള അടിയന്തര ഹെല്‍പ്പ്‌ലൈൻ നമ്ബറുകള്‍, ഹൈവേ പട്രോള്‍, ടോള്‍ മാനേജർ, പ്രോജക്‌ട് മാനേജർ, റസിഡന്റ് എഞ്ചിനീയർ, എൻ‌എച്ച്‌എ‌ഐ ഫീല്‍ഡ് ഓഫീസുകള്‍ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ കോണ്‍ടാക്റ്റ് വിവരങ്ങളും ലഭ്യമാക്കും.

ആശുപത്രികള്‍, പെട്രോള്‍ പമ്ബുകള്‍, ടോയ്‌ലറ്റുകള്‍, പൊലീസ് സ്റ്റേഷനുകള്‍, റെസ്റ്റോറന്റുകള്‍, വർക്ക്ഷോപ്പുകള്‍, ടോള്‍ പ്ലാസകള്‍, ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ സമീപത്തുള്ള അടിയന്തര, യൂട്ടിലിറ്റി സേവനങ്ങളും ക്യുആർ കോഡുകള്‍ വഴി ലഭ്യമാക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാർക്ക് അവശ്യ സേവനങ്ങള്‍ കണ്ടെത്താൻ സഹായിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ‌

ടോള്‍ പ്ലാസകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഹൈവേ സ്ട്രെച്ചുകളുടെ തുടക്കത്തിലെയും അവസാനത്തെയും പോയിന്റുകള്‍ തുടങ്ങിയ ഹൈവേകളിലെ പ്രധാന സ്ഥലങ്ങളിലാണ് സൈൻബോർഡുകള്‍ സ്ഥാപിക്കുക. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് റോഡ് ഉപയോക്താക്കള്‍ക്ക് ഹൈവേ യാത്ര കൂടുതല്‍ സൗകര്യപ്രദവും സുതാര്യവും ഡിജിറ്റലായി ബന്ധിപ്പിക്കുന്നതുമാക്കുന്നതിനുള്ള ദേശീയപാത അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.