Latestകേരളം

കമ്പത്ത് മലയാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

മലയാളിയായ തൊഴിലാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശിയായ മുഹമ്മദ്‌ റാഫി (44) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട്ടിലെ കമ്ബത്താണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

കമ്ബത്ത് സ്വകാര്യ ലോഡ്ജില്‍ വെച്ച്‌ ഗ്രില്‍ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റാഫി. മുമ്ബ് കേരളത്തില്‍ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്ബം സ്വദേശിയായ ശരവണനൊപ്പമായിരുന്നു ജോലി. ഒക്ടോബർ 6-ന് കമ്ബത്ത് എത്തിയ റാഫി, ചെല്ലാണ്ടി അമ്മൻ കോവില്‍ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ താമസിച്ച്‌ ശരവണനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. 8ന് രാത്രി റാഫി ജോലിയ്ക്ക് ശേഷം തൻ്റെ മുറിയിലേക്ക് മടങ്ങിയെത്തി. അടുത്ത മുറിയില്‍ താമസിച്ചിരുന്ന കൂടലൂർ ഉദയകുമാർ എന്നയാളുമായി ചേർന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. ഇതില്‍ പ്രകോപിതനായ ഉദയകുമാർ, തൻ്റെ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.

അടിയേറ്റ റാഫി ബോധരഹിതനായി കിടന്നു. ഇത് കണ്ട ലോഡ്ജ് ജീവനക്കാർ ഉടൻ തന്നെ കമ്ബം നോർത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ റാഫി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.‌