ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയില്‍ തുളഞ്ഞുകയറി രണ്ടര വയസുകാരൻ മരിച്ചു
തിരുവനന്തപുരം:ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയില്‍ തുളഞ്ഞുകയറി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറേനട നടരാജ് ഭവനില്‍ മഹേഷ് – സുനിത ദമ്ബതികളുടെ മകൻ ധ്രുവ് നാഥിനാണ് ദാരുണാന്ത്യം. മകന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കാനായി പിതാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
കഴിഞ്ഞ ഒൻപതിന് രാവിലെ 11നായിരുന്നു അപകടം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് കുട്ടി മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. വീട്ടിലെ അറ്റകുറ്റപ്പണിക്കായി വാങ്ങിയ ഡ്രില്ലിംഗ് മെഷീൻ കവറിലിട്ട് അടുക്കള ഭാഗത്തെ സ്ലാബില്‍ വച്ചിരുന്നു.
വീട്ടുകാർ കാണാതെ ഇതെടുക്കാനായി കുട്ടി ഡ്രില്ലിംഗ് മെഷീന്റെ കേബിളില്‍ പിടിച്ചുവലിച്ചതോടെ അത് താഴേക്ക് വീണു. മെഷീന്റെ തുളയ്ക്കാനുപയോഗിക്കുന്ന സ്ക്രൂ കുട്ടിയുടെ നെറ്റിയിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടൻ എസ്.പി ഫോർട്ട് ആശുപത്രിയിലും തുടർന്ന് അനന്തപുരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധ്രുവിന്റെ മൃതദേഹം പുത്തൻകോട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു.
