Latestകേരളംബിസിനസ്

സ്വർണവില 92,000ലേക്ക് പവന് 240 രൂപ കൂടി

തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. സ്വർണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വർധിച്ചത്. 11,495 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

എട്ടിനാണ് സ്വർണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.