ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി സംഘത്തെ മോചിപ്പിച്ചു; ആദ്യഘട്ടത്തിൽ 7 പേർ, റെഡ് ക്രോസിന് കൈമാറി
ടെൽഅവീവ്: സമാധാന കരാറിൻറെ ഭാഗമായി ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ഏഴുപേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിൻറെ ഭാഗമായി 250 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും.
അതേസമയം, ഇസ്രയേൽ സൈന്യം പിന്മാറിയ ഗാസ സിറ്റിയിൽ ഹമാസും പ്രാദേശിക സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ഹമാസ് വിട്ടയക്കുന്നവരെ കാത്ത് പ്രിയപ്പെട്ടവർ ടെൽഅവീവിൽ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഹമാസ് വിട്ടയച്ച 7 ഇസ്രയേൽ ബന്ദികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. റെഡ് ക്രോസ് സംഘമാണ് ബന്ദികളെ സ്വീകരിച്ചത്.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദികളെ കൈമാറുന്നതിനുള്ള നടപടികളാരംഭിച്ചത്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപ് പ്രശംസിച്ചു. ഇസ്രയേലിലേക്ക് തിരിക്കുന്നതിൻറെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിൻറെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു.
ട്രംപിൻറെ നേതൃത്വത്തിൽ ഈജിപ്തിൽ ഇന്ന് ഗാസ സമാധാന ഉച്ചകോടി നടക്കും. സമാധാന കരാറിൻറെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ വിട്ടയക്കും. ഇസ്രയേൽ പലസ്തീൻ തടവുകാരെയും വിട്ടയയ്ക്കും. ഇസ്രയേലിലാണ് ട്രംപിൻറെ ആദ്യ സന്ദർശനം. തലസ്ഥാനമായ ടെൽ അവീവിലേക്ക് ട്രംപ് യാത്ര തിരിച്ചു. വിപുലമായ സ്വീകരണമാണ് യുഎസ് പ്രസിഡൻറിന് ഇസ്രയേലിൽ ഒരുക്കിയിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
ഈജിപ്തിലെ ഷാംഅൽഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ല. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഈജിപ്തിലെത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപും എൽസിസിയും മോദിയെ ക്ഷണിച്ചിരുന്നു. ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്നത് പരിഗണിച്ചാണ് നരേന്ദ്രമോദി വിട്ടു നിൽക്കുന്നത് എന്നാണ് സൂചന.
