Latestആരോഗ്യംലോകം

ജപ്പാനിൽ പകർച്ചപ്പനി; 4000-ത്തിലധികം രോ​ഗബാധിതർ, സ്കൂളുകൾ അടച്ചു

ജപ്പാനിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി വിവിധ ലക്ഷണങ്ങളോട് കൂടി 4000-ത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒക്കിനാവ, ടോക്യോ, കഗോഷിമ എന്നിവിടങ്ങളിലാണ് രോ​ഗം രൂക്ഷമായിരിക്കുന്നത്. കുട്ടികളിൽ വൈറസ് അതിവേഗം പടരുന്നതിനാൽ രാജ്യവ്യാപകമായി ഒട്ടേറെ സ്കൂളുകളും കിന്റർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചു. പാരിസ്ഥിതിക മാറ്റങ്ങൾ, ക്രമരഹിതമായ കാലാവസ്ഥ, കുറഞ്ഞ വാക്സിനേഷൻ നിരക്കുകൾ എന്നിവ കാരണം വരും വർഷങ്ങളിൽ നേരത്തെയുള്ളതും തീവ്രവുമായ രോഗവ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യത്തിൽ, ജനങ്ങളോടും വിനോദസഞ്ചാരികളോടും വാക്സിൻ എടുക്കാൻ ജപ്പാനിലെ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫ്ലൂ കുത്തിവെപ്പുകൾ രോഗബാധ തടയാനും രോഗത്തിൻ്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ:

വൈറ്റമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുക.
ആവശ്യത്തിന് ഉറങ്ങുന്നത് രോഗപ്രതിരോധ ശേഷിക്ക് അത്യാവശ്യമാണ്.
പുകവലിയും മദ്യപാനവും ഒഴിവാക്കാം.
മികച്ച ആരോഗ്യത്തിനായി മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.
ഇടയ്ക്കിടെ കൈകൾ കഴുകുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറച്ചുപിടിക്കാം.
ശുചിത്വം പാലിക്കുക.