Latestലോകംവാര്‍ത്തകള്‍

ഹമാസ് കൈമാറിയ മൃതദേഹങ്ങളിൽ നേപ്പാളി വിദ്യാർഥിയുടേതും; ഇസ്രയേലിൽ എത്തിയത് കൃഷിയെക്കുറിച്ച് പഠിക്കാൻ

ജറുസലം: ഹമാസിന്റെ തടവിൽവച്ച് കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം റെഡ്ക്രോസിനു കൈമാറി. മൃതദേഹം ഇസ്രയേലിലേക്കു തിരിച്ചെത്തിച്ചതായി ഇസ്രയേലിലെ നേപ്പാൾ അംബാസഡർ ധൻ പ്രസാദ് പണ്ഡിറ്റ് അറിയിച്ചു. സമാധാനക്കരാർ നിലവിൽ വന്നതിനുപിന്നാലെ ബന്ദികളാക്കപ്പെട്ടവരെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിനൊപ്പമാണ് ബിപിന്റെ മൃതദേഹം കൈമാറിയത്. 20 ബന്ദികളെയും 4 മൃതദേഹങ്ങളുമാണ് ഹമാസ് വിട്ടുനൽകിയത്. പകരമായി ഇസ്രയേലിന്റെ തടങ്കലിൽ കഴിഞ്ഞിരുന്ന 2000ൽ പരം പലസ്തീൻ തടവുകാരെയും വിട്ടയച്ചു.

സ്റ്റുഡന്റ് എക്സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ 2023 സെപ്റ്റംബറിലാണ് ബിപിൻ ഗാസാ അതിർത്തിയോടു ചേർന്ന കിബിറ്റസ് അമുമിലെത്തുന്നത്. 2023 ഒക്ടോബർ 7നു ഭീകരാക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും സുരക്ഷിത ഇടത്തേക്കു മാറിയിരുന്നു. ഇവിടേക്കു വീണ നിരവധി ബോംബുകൾ എടുത്തു പുറത്തേക്ക് എറിഞ്ഞു കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചത് ബിപിനാണ്. ഇതിൽ പരുക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദികളാക്കുകയായിരുന്നു.

ഗാസയിലെ ഷിഫാ ആശുപത്രിയിൽ ബിപിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന വിഡിയോ പ്രചരിച്ചിരുന്നു. അവസാനമായി ബിപിനെ ജീവനോടെ കാണുന്നതും ഈ വിഡിയോയിലാണ്. അമ്മയും സഹോദരിയും നിരന്തരം പരിശ്രമിച്ചെങ്കിലും ബിപിനെ ജീവനോടെ മോചിപ്പിക്കാനായില്ല. ഡിഎൻഎ പരിശോധന നടത്തി ബിപിന്റെ മൃതദേഹമാണെന്ന് ഉറപ്പിക്കുമെന്ന് പണ്ഡിറ്റ് പറഞ്ഞു. നേപ്പാളിൽനിന്ന് 17 പേരാണ് സ്റ്റുഡന്റ് എക്സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രയേലിൽ എത്തിയത്. ഇതിൽ 10 പേർ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.