Latestബിസിനസ്വാര്‍ത്തകള്‍

യൂറോപ്പിൽ നിന്ന് 2,000 കോടി രൂപയുടെ മെഗാ ഓർഡർ സ്വന്തമാക്കി കൊച്ചി ഷിപ്പ്‌യാർഡ്

കൊച്ചി: വീണ്ടും ചരിത്രനേട്ടവുമായി കൊച്ചി ഷിപ്പ്‌യാർഡ്. യൂറോപ്പിൽ നിന്നും 2,000 കോടി രൂപയുടെ മെ​ഗാ ഓർ‍ഡറാണ് കൊച്ചി ആസ്ഥാനമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്. 6 ഫീഡർ വെസ്സലുകൾ നിർമിക്കാനാണ് യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ കമ്പനി കൊച്ചി ഷിപ്പ്‌യാർഡിനെ സമീപിച്ചത്.

എൽഎൻജിയിൽ പ്രവർത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസ്സലുകളാണ് കൊച്ചി ഷിപ്പ്‌യാർഡ് നിർമ്മിച്ച് നൽകുക. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകൾ നിർമിച്ച് ശ്രദ്ധനേടിയ കൊച്ചി കപ്പൽശാല, ആദ്യമായാണ് എൽഎൻജി അധിഷ്ഠിത കപ്പൽ നിർമാണത്തിലേക്ക് കടക്കുന്നത്.

ഓർഡർ ലഭിച്ചതിന്റെ വിശദാംശങ്ങൾ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഓർഡർ സംബന്ധിച്ച ഔദ്യോഗിക കരാർ വൈകാതെ ഒപ്പുവയ്ക്കും. അതേസമയം, ഉപഭോക്തൃകമ്പനിയുടെ പേര് കൊച്ചിൻ ഷിപ്പ്‌യാർഡ് വ്യക്തമാക്കിയിട്ടില്ല. മെഗാ ഓർഡർ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് ഓഹരിവില 3 ശതമാനത്തിലധികം മുന്നേറി. 1,766ൽ വ്യാപാരം തുടങ്ങിയ ഓഹരിവില 1,807 രൂപവരെയാണ് ഉയർന്നത്. ഉച്ചയ്ക്കുശേഷം വില അൽപം താഴ്ന്നു.

ഇക്കഴിഞ്ഞ ജൂൺ 6ന് കുറിച്ച 2,545 രൂപയാണ് കൊച്ചി കപ്പൽശാലാ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഫെബ്രുവരി 18ലെ 1,180.20 രൂപയും. 47,000 കോടി രൂപയാണ് ഇന്നത്തെ ഓഹരിവില പ്രകാരം കമ്പനിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിൻ ഷിപ്പ്‌യാർഡ് സമീപഭാവിയിൽ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓർഡറുകളാണ്.