മധ്യപ്രദേശില്‍ വീണ്ടും ആശങ്കയേറ്റി മരുന്നില്‍ പുഴു
മധ്യപ്രദേശില്‍ വീണ്ടും ആശങ്കയേറ്റി മരുന്നില്‍ പുഴു.സർക്കാർ ആശുപത്രിയില്‍ വിതരണം ചെയ്ത മരുന്നിലാണ് പുഴു കണ്ടെത്തിയത്. ഗ്വാളിയോർ ജില്ലയിലെ മൊറാർ ടൗണിലെ സർക്കാർ ആശുപത്രിയില്‍ നിന്ന് ലഭിച്ച മരുന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്. കുട്ടികള്‍ക്കു നല്‍കിയ അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിലാണ് പുഴുവിനെ കണ്ടെത്തിയത്.
മരുന്ന് ലഭിച്ച ഒരു കുട്ടിയുടെ മാതാവ് പരാതി നല്‍കിയതോടെ അസിത്രോമൈസിൻ ആന്റിബയോട്ടിക്കിന്റെ മുഴുവൻ സ്റ്റോക്കും സീല്‍ ചെയ്തതായും സാമ്ബിളുകള്‍ പരിശോധനയ്ക്കായി ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. വിവിധ അണുബാധകള്‍ക്കായി കുട്ടികള്‍ക്ക് നല്‍കുന്നതാണ് മധ്യപ്രദേശ് ആസ്ഥാനമായ കമ്ബനി നിർമിക്കുന്ന ഈ ജനറിക് മരുന്ന്.
‘മൊറാറിലെ സർക്കാർ ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങിയ ഒരു സ്ത്രീ അസിത്രോമൈസിൻ ഓറല്‍ സസ്പെൻഷന്റെ കുപ്പിയില്‍ പുഴുക്കളുണ്ടെന്ന് പരാതിപ്പെട്ടു. ഉടൻ തന്നെ ഇക്കാര്യം ഞങ്ങള്‍ അന്വേഷിച്ചു. മൊറാറിലെ ആശുപത്രിയില്‍ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഈ മരുന്നിന്റെ 306 കുപ്പികളും തിരിച്ചുവിളിച്ച് സീല്‍ ചെയ്തു’- ഡ്രഗ് ഇൻസ്പെക്ടർ അരുന്ധതി ശർമ പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ മരുന്നുകുപ്പികളില്‍ പുഴുക്കളുണ്ടെന്നതിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും എങ്കിലും പരിശോധന അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. കുറച്ച് ബോട്ടിലുകള്‍ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചതു കൂടാതെ മരുന്നിന്റെ സാമ്ബിള്‍ കൊല്‍ക്കത്തയിലെ ലബോറട്ടറിയിലേക്കും അയയ്ക്കുമെന്നും അരുന്ധതി ശർമ അറിയിച്ചു.
