Latestലോകം

ഇരുട്ടിൽ മുങ്ങി യുക്രൈൻ; ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യൻ ഡ്രോൺ ആക്രമണം

കീവ്: യുക്രൈൻ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യയുടെ ഡ്രോൺ ആക്രമണം. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമുപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. സമീപകാലത്ത് നടന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിൽ ഒന്നാണ് ഇതെന്ന് ബന്ധപ്പെട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആക്രമണങ്ങളെ തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതിബന്ധം നിലച്ചതായി യുക്രൈൻ്റെ ദേശീയ ഊർജ്ജ ഓപ്പറേറ്ററായ ഉക്രനെർഗോ അറിയിച്ചു. ശൈത്യകാലം അടുക്കുന്ന സാഹചര്യത്തിൽ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം ദശലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി പ്രസിഡൻ്റ് വോളോദിമിർ സെലെൻസ്കി പറഞ്ഞു. അറ്റകുറ്റപ്പണികളെ തടസ്സപ്പെടുത്തുന്നതിനായി ഒരേ സ്ഥലങ്ങളെ വീണ്ടും വീണ്ടും ആക്രമിക്കാനായി മോസ്കോ ക്ലസ്റ്റർ ആയുധങ്ങൾ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ ഡിടിഇകെ കീവിൽ വലിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങൾ കാരണം പോൾട്ടാവ മേഖലയിലെ പ്രകൃതി വാതക ഖനനം നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ഈ മാസം ആറാം തവണയാണ് ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള നാഫ്റ്റോഗാസ് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ്, കീവ് ഒബ്ലാസ്റ്റിലെ സ്ലാവുട്ടിച്ച് പട്ടണത്തിലുള്ള ഒരു ഊർജ്ജ നിലയത്തിന് നേരെയുണ്ടായ റഷ്യൻ ആക്രമണം, ചോർണോബിൽ ആണവ നിലയത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാൻ കാരണമായെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു.

യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് റഷ്യൻ ആക്രമണം. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ അമേരിക്കൻ നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.