Latestകേരളം

വിനോദയാത്രയ്ക്കിടെ മലയാളി യുവ ഡോക്ടര്‍ തായ്‌ലൻഡില്‍ മുങ്ങി മരിച്ചു

ചാലക്കുടി: കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയില്‍ മലയാളി ഡോക്ടര്‍ തായ്‌ലൻഡില്‍ മുങ്ങി മരിച്ചു.തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായ ഡോ. രാഹുലൻ(37) ആണ് മരിച്ചത്. ചാലക്കുടി പോട്ട തച്ചുടപ്പറമ്ബ് മുണ്ടക്കത്തു പറമ്ബില്‍ സദാനന്ദന്റെ മകനാണ്.

ഭാര്യയായ ഡോ. ബേബി മിനുവിനൊപ്പം ഈ മാസം 12നാണ് ഡോ രാഹുലൻ തായ്‌ലൻഡിലെത്തിയത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നതിനിടയില്‍ കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്തുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. മുങ്ങി താഴ്ന്ന രാഹുലനെ രക്ഷിച്ച്‌ സമീപത്തെ ആശുപത്രിയിലും പിന്നീട് സ്പെഷ്യാല്‍റ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 8 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് മുമ്ബ് രാഹുലൻ സ്കൂബ ഡൈവിങ് നടത്തിയിരുന്നു. അപ്പോഴൊന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഓസ്ട്രേലിയയില്‍ എൻജിനീയറായ സഹോദരൻ ശരത്ത് തായ്‌ലൻഡിലെത്തിയിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാലക്കുടി മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്കാരം നടത്തും. റിട്ടയേഡ് ഹെഡ്മിസ്ട്രസ് സരളയാണ് അമ്മ.