നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍
മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്.ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.
ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാല്‍ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളാണ്.
കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുണ്ടായ തീ കൂടുതല്‍ നിലകളിലേക്ക് വ്യാപിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും മൂന്ന് മണിയോടെ അഗ്നി നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
