Latestകണ്ണൂര്‍

കണ്ണൂരില്‍ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇല്ലിമുക്കില്‍ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൗവ്വത്തില്‍ റോയ് (45) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് റോയിക്ക് വെട്ടേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ രക്ഷിക്കാനായില്ല. ഭാര്യ സഹോദരൻ അറക്കല്‍ ജൈസനാണ് റോയിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.സ്വത്ത് തർക്കമാണ് അക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം.

റോയിയുടെയും ഭാര്യയുടെയും കൂടെയാണ് ജൈസന്റെ അമ്മ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ജൈസൻ റോയിയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം റോയി സ്ഥലത്തുണ്ടായിരുന്നില്ല. റോയി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഡെയ്സി ഇക്കാര്യം പറഞ്ഞു. തുടർന്ന് റോയി ഇക്കാര്യം ചോദിക്കാൻ ജൈസന്റെ വീട്ടിലെത്തി. ഇവിടെ വച്ച്‌ ഇവർ തമ്മില്‍ തർക്കവും വഴക്കുമുണ്ടാകുകയായിരുന്നു.

സംഭവത്തിന് ശേഷം തിരിയെ പോകാനിറങ്ങിയ റോയിയെ പിന്നാലെ എത്തിയ ജൈസൻ വെട്ടുകയായിരുന്നു. അലർച്ചയും ബഹളവും കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെ റോയിയുടെ മരണം സംഭവിക്കുകയായിരുന്നു. അഡോള്‍ഫിനയാണ് റോയിയുടെ മകള്‍.