സഹപാഠികളുടെ പരിഹാസം; 9 വയസ്സുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
സ്കൂളില്‍ സഹപാഠികളുടെ കളിയാക്കലുകളും ലൈംഗികചുവ കലർന്ന പരിഹാസവും സഹിക്കാൻ വയ്യാതെ 9 വയസ്സുകാരി ജീവനൊടുക്കി.ജയ്പൂരിലെ നീരജ മോഡി സ്കൂളിലാണ് സംഭവം. അമ്റ എന്ന പെണ്‍കുട്ടിയാണ് സ്കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടി ജീവിതം അവസാനിപ്പിച്ചത്. കൂട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായ അധിക്ഷേപങ്ങളാണ് ഈ കുട്ടിയെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചത് എന്നാണ് സൂചന.
മരിക്കുന്നതിന് തൊട്ടുമുമ്ബായി കുട്ടി ക്ലാസ് ടീച്ചറിന് സമീപത്തേക്ക് ചെല്ലുന്നതും സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കുട്ടി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താൻ അധ്യാപിക ഇനിയും തയ്യാറായിട്ടില്ല. ക്ലാസിലെ കുട്ടികള്‍ ദിവസവും തന്നെ പരിഹസിക്കുന്നുവെന്നും സഹിക്കാൻ സാധിക്കുന്നതിലും അപ്പുറമാണെന്ന് മകള്‍ വീട്ടില്‍ വന്ന് കരഞ്ഞു പറഞ്ഞിരുന്നു എന്ന് അമ്മ ശിവാനി ആരോപിച്ചു.
ആ സ്കൂളിലേക്ക് തന്നെ ഇനി വിടരുത് എന്ന് മകള്‍ കരയുന്നതിന് ശബ്ദ സന്ദേശം അടക്കം സ്കൂള്‍ അധികൃതർക്ക് കൈമാറിയിരുന്നുവെങ്കിലും അധികൃതർ അത് ഗൗനിച്ചില്ലെന്നും സ്കൂളിലെ നിയമങ്ങള്‍ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ് അത് അധികൃതർ തള്ളിക്കളഞ്ഞുവെന്നും അമ്മ ശിവാനി പറയുന്നു.
