ഭോപ്പാല്‍ വാഹനാപകടം: ദേശീയ കയാക്കിംഗ് താരങ്ങളായ മലയാളികള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ:കനോയിംഗ്-കയാക്കിംഗ് ദേശീയ താരങ്ങളും നാവികസേനാ ഉദ്യോഗസ്ഥരുമായ രണ്ട് മലയാളികള്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു.ആലപ്പുഴ ഇത്തിപ്പറമ്ബില്‍ വീട്ടില്‍ അജിത്ത് രവി-രഞ്ജിനി ദമ്ബതികളുടെ മകൻ ഐ.എ. അനന്തകൃഷ്ണൻ (അനന്തു – 19), കൈനകരി പഴയാറ്റില്‍ രഘുനാഥ്-ജീജാമോള്‍ ദമ്ബതികളുടെ മകൻ വിഷ്ണു രഘുനാഥ് (ഉണ്ണി – 26) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഭോപ്പാല്‍ നേവല്‍ ബേസിന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ഇരുവരും മരണപ്പെട്ടതെന്ന് നാവികസേന കുടുംബങ്ങളെ അറിയിച്ചു. മരിച്ച രണ്ടുപേരും കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരാണ്.
മൂന്ന് മാസം മുമ്ബാണ് അനന്തകൃഷ്ണൻ നേവിയില്‍ പെറ്റി ഓഫീസറായി നിയമിതനായത്. 2024-ലെ കനോയിംഗ്-കയാക്കിംഗ് ദേശീയ ചാമ്ബ്യൻഷിപ്പില്‍ ജൂനിയർ പുരുഷന്മാരുടെ 5000 മീറ്റർ സിംഗിള്‍ വിഭാഗം കനോയിംഗില്‍ ചാമ്ബ്യനായിരുന്നു അനന്തകൃഷ്ണൻ. കേരളം ചരിത്രത്തില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ വിജയം നേടുന്നത്. ഈ നേട്ടമാണ് അദ്ദേഹത്തിന് നാവികസേനയിലേക്കുള്ള വഴി തുറന്നത്.
കഴിഞ്ഞ ഒൻപത് വർഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ് വിഷ്ണു രഘുനാഥ്. ഭോപ്പാലില്‍ ഒരു മാസം മുമ്ബ് നടന്ന ദേശീയ ചാമ്ബ്യൻഷിപ്പിലടക്കം അദ്ദേഹം സ്വർണ്ണ മെഡല്‍ നേടിയിരുന്നു. വിഷ്ണു നെഹ്‌റു ട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുൻ തുഴച്ചില്‍ താരവുമായിരുന്നു.
