അരൂരില്‍ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അരൂരില്‍ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ അരൂർ പഞ്ചായത്ത് 12ാം വാർഡ് ചന്തിരൂർ ചിറയില്‍ മാലതി (56)ആണ് മരിച്ചത്.സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെയായിരുന്നു സംഭവം.
മാലതിയുടെ മകൻ വിഷ്ണു ചെല്ലാനം വൈഷ്ണവി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ഇന്ന് ക്ഷേത്രത്തിലെ ആയില്യംപൂജ കഴിഞ്ഞ് ഇദ്ദേഹം വീട്ടില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. അകത്തെ കിടപ്പുമുറിയില്‍ നിന്ന് പുക പുറത്തുവരുന്നതും കണ്ടു.
വാതില്‍ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ കൂടുതല്‍ ശക്തി ഉപയോഗിച്ച് വാതില്‍ ചവുട്ടി തുറന്നു. ഈ സമയത്താണ് അകത്തെ മുറിയില്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ അയല്‍വാസികളും സ്ഥലത്തെത്തി. മാലതിയുടെ ശരീരത്തിലേക്ക് വെള്ളമൊഴിച്ച് തീകെടുത്തി.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാലതി മുൻപ് പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. വർഷങ്ങള്‍ക്ക് മുൻപ് മാലതിയുടെ സഹോദരിയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപതിയിലേക്ക് മാറ്റി. ഭർത്താവ് വിജയൻ. ശാന്തി മകളാണ്.
