Latestദേശീയം

17കാരിയായ കാമുകിയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റില്‍

17കാരിയായ കാമുകിയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പ്രതിയായ ദീപക്കിന്റെ വിവാഹം മറ്റൊരു യുവതിയുമായി നടത്താൻ നിശ്ചയിച്ചിരുന്നു.ഇതറിഞ്ഞ കാമുകി തന്നെ വിവാഹം കഴിക്കണമെന്ന് ദീപക്കിനെ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

നവംബർ പത്തിനാണ് ദീപക് കാമുകിയെ കൊലപ്പെടുത്തിയത്. ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുന്നതിന് മുമ്ബ് കഴുത്ത് അറുത്തതായി ഗംഗാ നഗർ ഡിസിപി കുല്‍ദീപ് ഗുണവത് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെ നടത്തിയ തെരച്ചിലിലാണ് ദീപക് ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

ദീപക്കിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം കുഴിച്ചിട്ടതിന് സമീപം കിടന്ന ഒരു ബാഗില്‍ പേരും ഫോണ്‍ നമ്ബറും ഉണ്ടായിരുന്നു. ഇത് പ്രതി ദീപക് തന്നെയെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ദീപക് സമ്മതിച്ചു. ഒരു സൈനികനെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്താലാണ് പെണ്‍കുട്ടി തന്നെ സ്‌നേഹിച്ചതെന്നും അയാള്‍ പറഞ്ഞു.

നവംബർ 30നാണ് ദീപക്കും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറാൻ ദീപക്കിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പഠനാവശ്യത്തിനായി അമ്മാവന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.