തദ്ദേശ വോട്ടെടുപ്പ് : പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നല്‍കി
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നല്‍കി.വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്‍റ് ആക്‌ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിർദ്ദേശം. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് അവധി.
അതോടൊപ്പം സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില്‍ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് തൊഴില്‍ ഉടമകള്‍ക്ക് നിർദ്ദേശം നല്‍കുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണല്‍ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
