Latestദേശീയം

മുംബൈയില്‍ ട്രെയിനില്‍ ഹിന്ദി സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; മനംനൊന്ത് 19 കാരൻ ജീവനൊടുക്കി

മുംബൈയില്‍ മറാത്തി സംസാരിക്കാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനമേറ്റ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈയ്ക്ക് സമീപമുള്ള താനെ ജില്ലയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.മറാഠിയില്‍ സംസാരിക്കാത്തതിന്റെ പേരില്‍ ഓടുന്ന ലോക്കല്‍ ട്രെയിനില്‍ വച്ചായിരുന്നു ഒരു സംഘം കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചവശനാക്കിയത്. തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ആരവ് ഖൈരെ എന്ന 19 വയസ്സുകാരൻ ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

താനെ ജില്ലയില്‍ കല്യാണ്‍ ഈസ്റ്റിലെ സഹജീവൻ റെസിഡൻസിയിലാണ് ആരവ് താമസിച്ചിരുന്നത്. മുംബൈയിലെ മുളുണ്ടിലുള്ള കേല്‍ക്കർ കോളേജിലെ സയൻസ് സ്ട്രീമിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ച പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഡോംബിവ്‌ലി-താനെ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് ജിതേന്ദ്ര ഖൈരെ കോള്‍സേവാഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവ ദിവസം, ട്രെയിനിലെ തിരക്കില്‍ സഹയാത്രികനോട് ഹിന്ദിയില്‍, “ദയവായി മുന്നോട്ട് പോകൂ” എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. തുടർന്ന് നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ആരവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

മറാത്തി സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് ആക്രോശിക്കുകയും ആ ഭാഷ ഉപയോഗിക്കുന്നതില്‍ ലജ്ജ തോന്നുന്നുണ്ടോ എന്നും ചോദിച്ചായിരുന്നു മർദ്ദനം. പ്രതിഷേധിക്കാൻ തുടങ്ങിയതോടെ ക്രൂരമായി ആക്രമിച്ചതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. തുടർന്ന് അവശനായി കോളേജില്‍ എത്തിയെങ്കിലും ക്ലാസ്സില്‍ കയറാതെ വിഷാദനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ഈ സംഭവത്തെക്കുറിച്ച്‌ പിതാവിനെ അറിയിച്ച ശേഷമായിരുന്നു തിരികെ പോയത്.അന്ന് വൈകുന്നേരം ആർണവിന്റെ അച്ഛൻ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രധാന വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകർത്ത് അകത്തു കയറിയപ്പോ‍ഴാണ് മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ഞെട്ടിക്കുന്ന സംഭവത്തിന് ഉത്തരവാദികളായ പ്രതികളെ ഉടനെ പിടികൂടി നിയമത്തിന് മുൻപില്‍ കൊണ്ടു വരുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കല്യാണ്‍ജി ഗേറ്റ് പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയക്കാർ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളുടെ അവസാന ഇരയാണ് ആരവ്