വാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരൻ വാഹനമിടിച്ച് മരിച്ചു
ഉത്തർപ്രദേശിലെ ഭാഗ്പത്തില്‍ വിവാഹാഘോഷം ദുരന്തമായി മാറി. വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരൻ വാഹനമിടിച്ച് മരിച്ചു.സുബോധ് കുമാർ ആണ് മരിച്ചത്. എതിർദിശയില്‍ നിന്ന് നിയന്ത്രണം വിട്ട ഒരു ട്രക്ക് വന്ന് സുബോധിനെ ഇടിക്കുകയായിരുന്നു. ബിനൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്.
പിച്ചോക്ര ഗ്രാമവാസിയായ സുബോധ് ഞായറാഴ്ച രാത്രിയാണ് വിവാഹസംഘത്തോടൊപ്പം ഗ്രാമത്തില്‍ എത്തിയത്. ലഘുഭക്ഷണത്തിനും അത്താഴത്തിനുമായി പഞ്ചായത്ത് ഹൗസില്‍ വാഹനം നിർത്തി. ഛർദ്ദിക്കാൻ തോന്നിയതിനെ തുടർന്ന് സുബോധ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. റോഡരികില്‍ ഛര്‍ദിക്കുന്നതിനിടെ എതിരെ വന്ന നിയന്ത്രണം വിട്ട ട്രക്ക് സുബോധിനെ ഇടിക്കുകയായിരുന്നു. വാഹനത്തിനടിയില്‍ പെട്ട സുബോധിനെ മീറ്ററുകളോളം വലിച്ചിഴച്ച ശേഷം വാഹനം നിർത്താതെ പോയി. ഉടൻ തന്നെ അതിഥികള്‍ സുബോധിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
