ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി സ്കൂളില്‍ ജീവനൊടുക്കി; പ്രിൻസിപ്പലിനെതിരെ ലൈംഗീകാരോപണം
ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയില്‍ വിദ്യാർഥിനി സ്കൂളില്‍ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചത്.സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍, സ്കൂളിലെ പ്രിൻസിപ്പല്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയല്‍ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെണ്‍കുട്ടി.
സ്കൂള്‍ പ്രിൻസിപ്പല്‍ കുല്‍ദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. “സ്കൂളില്‍ ആറ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 124 വിദ്യാർഥികളില്‍ 22 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാല്‍ ഈ ഹോസ്റ്റല്‍ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്’. ട്രൈബല്‍ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
