തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
മലാക്ക കടലിടുക്കില്‍ രൂപം കൊണ്ട തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി മാറി. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 10 കിലോമീറ്റർ വേഗതയില്‍ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.അതിനിടെ, കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
നവംബർ 25 – 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുള്ളത്. നവംബർ 29 ന് മണിക്കൂറില്‍ 30-40 കിലോമീറ്റർ വേഗതയിലും, നവംബർ 25 ന് മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗതയിലും, നവംബർ 26 മുതല്‍ 28 വരെ മണിക്കൂറില്‍ 50-60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
