Latestകേരളം

കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്ക്

ദേശമംഗലം: കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്ക്. ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ 11 -ാം വാർഡില്‍ ഉള്‍പ്പെടുന്ന മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് ( 22 ) എന്ന യുവാവിനാണ് ഗുരുതര പരിക്ക് പറ്റിയത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ ബൈക്ക് വർക്ക് ഷോപ്പില്‍ വച്ച്‌ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് തീപ്പൊരി സ്പാർക്ക് ആവുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് തീ പടരുകയും തല്‍സമയം ഒരു തീഗോളമായി മാറുകയും ആയിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അപകടത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശ്ശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90% ത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു