Latestകേരളം

കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 29/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.രാവിലെ 8.30 മുതലുള്ള നിരീക്ഷണം അനുസരിച്ച്‌ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്.

48 മണിക്കൂറില്‍ ചു‍ഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കൻ തമിഴ്നാട് – പുതുച്ചേരി,തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയാണുള്ളത്. നവംബർ 27 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

കള്ളക്കടല്‍ ജാഗ്രതാ നിർദേശം

കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി (28/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്ബാല മുതല്‍ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.