Latestഗൾഫ്

മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പോണ്ടിച്ചേരി സ്വദേശി മരിച്ചു

സൗദി കിഴക്കൻ പ്രവിശയയിലെ ജുബൈലില്‍ മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പോണ്ടിച്ചേരി സ്വദേശി മരിച്ചു.ബോട്ട് ഡ്രൈവറായ കുപ്പുസ്വാമി ആദി (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പോണ്ടിച്ചേരി സ്വദേശികളായ കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയും ജുബൈലിനടുത്തുള്ള അല്‍ ഫറെയില്‍ നിന്ന് മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ടതായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറിന് ശേഷം ബോട്ട് കടലിലുള്ള പൈപ്പ് ലൈനില്‍ ഇടിച്ചു.

ഇടിയുടെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തില്‍ കുപ്പുസ്വാമിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റ് കടലിലേക്ക് തെറിച്ച്‌ വീഴുകയും വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്‌തു. ബോട്ടിന് ദിശ തെറ്റിയെങ്കിലും കൂപ്പുസ്വാമി കടലിലേക്ക് വീണത് മനസിലാക്കിയ മണി ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷമാണ് മൃതദേഹം കടലില്‍ നിന്നും കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന മണിക്കും ചെറിയ പരിക്കുണ്ട്. മണിയുടെ പക്കല്‍ സ്വന്തം മൊബൈല്‍ ഉണ്ടായിരുന്നില്ല.

ബോട്ടില്‍ ഉണ്ടായിരുന്ന കുപ്പുസ്വാമിയുടെ മൊബൈലില്‍ സ്ക്രീൻ ലോക്ക് ഇല്ലാതിരുന്നതിനാലാണ് തത്സമയം ബന്ധപ്പെട്ടവരെ അറിയിക്കാൻ കഴിഞ്ഞത്. കുപ്പുസ്വാമിയുടെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദമ്മാമിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു.